റംസാനിലെ ചന്ദ്രികയോ | Ramsaanile Chandrikayo

റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ - ആരു നീ - ആരു നീ..
                                                                     (റംസാനിലെ)

തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പകാലമോ
മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ 

ഇടംകൈ നിന്റെ ഇടംകൈ എന്റെ
വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ
                                                                    (റംസാനിലെ)

ഏതോ ചേതോഹരമാം അരയന്ന-
ത്തേരിലെത്തും ദൂതിയോ സ്വർഗ്ഗദൂതിയോ
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാനനുവദിക്കൂ

വലംകൈ നിന്റെ വലംകൈ എന്റെ
തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ
                                                                  (റംസാനിലെ)